.രാമവർമ എന്ന രാമു
ഒരിയ്ക്കൽ ഒരിടത്ത് ഒരു വലിയ കാട്ടിൽ ഒരു കുടുംബം താമസിച്ചിരുന്നു. അവരുടെ പുൽക്കുടിലിനു ചുറ്റിലും നിറയെ പച്ചക്കറികളും പഴങ്ങളും വലിയ തോതിൽ കൃഷി ചെയ്തിരുന്നു. ഗൃഹനാഥൻ രവിവർമ്മ പട്ടണപ്രദേശത്ത് ഒരു വലിയ വീട്ടിൽ ജനിച്ചു വളർന്ന വ്യക്തിയായിരുന്നു. സത്യസന്ധനും നീതിമാനുമായ അയാൾ പുതിയ ജനതയുടെ കാപട്യങ്ങളിൽ മനം മടുത്ത് തൻറെ നവവധുവിനേയും കൂട്ടി ആ വലിയ കാട്ടിൽ പ്രയത്നിച്ചു ജീവിയ്ക്കാൻ വന്ന് അവിടെ ഒരു കുടിലു കെട്ടി താമസിച്ചു വരികയായിരുന്നു. കാലക്രമേണ അയാൾക്ക് ഒരു മകൻ ജനിച്ചു. അവൻറെ പേര് രാമവർമ്മ എന്നായിരുന്നു. അവർ അവനെ രാമു എന്നു വിളിച്ചു. അമ്മ സുഭദ്രയും അച്ഛൻ രവിവർമ്മയും അവനെ നല്ല കാര്യങ്ങൾ പഠിപ്പിച്ചു. അവൻ നല്ല കുട്ടിയായിത്തന്നെ വളർന്നു. കൃഷിയിൽ അച്ഛനെ സഹായിച്ചും, അച്ഛനോടൊപ്പം ചന്തയിൽ പോയി പച്ചക്കറികൾ ലാഭത്തിനു വിറ്റും അമ്മയിൽ നിന്നും അച്ഛനിൽ നിന്നും എഴുത്തും വായനയും പഠിച്ചും അവൻ വളർന്നു.