ശ്രീ.ജോൺസൻ ഇരിങ്ങോളിന്റെ 'നിങ്ങൾ നീരിക്ഷണത്തിൽ' കഥകൾ കൗതുകം നിറഞ്ഞത് മാത്രമല്ല മനുഷ്യ ജീവിതത്തിലെ വികാരനിർഭരമായ പല മുഹൂർത്തങ്ങളും അടയാളപ്പെടുത്തുന്നു. കാലത്തിന്റെ ഒളിത്താവളങ്ങളിൽ നടക്കുന്ന വിത്യസ്ത സ്വഭാവങ്ങളാണ് മിക്ക കഥകളിലുമുള്ളത്. 'ലോ ബാറ്ററി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, അറിവില്ലാ പൈതങ്ങൾ, ആൻറ്റോയുടെ ദേശാടനം, വെള്ളിവെളിച്ചം' തുടങ്ങിയ കഥകൾ മനുഷ്യ പക്ഷത്തു നിന്നുകൊണ്ട് സ്നേഹത്തിന്റെ ചാരുതയാർന്ന വാക്കുകളും ചിന്തകളുമാണ് മനുഷ്യമനസ്സുകളിൽ ചിറകുകൾ വിടർത്തുന്നത്. 'ലോ ബാറ്ററിയി'ലെ രഹസ്യ കോഡ് വായിച്ചപ്പോൾ ലോകത്തെ നിറക്കൂട്ടുകളുടെ ശില്പങ്ങളുടെ ചക്രവർത്തിമാരായ മൈക്കലാഞ്ജലോ, ഡാവിഞ്ചി കോഡുകളാണ് മനസ്സിലേക്ക് വന്നത്. മൈക്കിളിന്റെ ഫ്ലോറെൻസിലെ 'ദി ഡേവിഡ്', ഡാവിഞ്ചിയുടെ പാരിസിലെ 'മൊണാലിസ' തുടങ്ങിയ ധാരാളം ചിത്ര ശില്പങ്ങളുടെ കോഡുകൾ പല പരീക്ഷണങ്ങൾ നടത്തിയിട്ടും ഇന്നും മനുഷ്യർക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.
ശ്രീ.ജോൺസൻ ഇരിങ്ങോൾ കഥകൾ നമ്മുടെ മനസ്സിൽ ഏറെ സംവേദനം ചെയ്യുന്ന കുറച്ചൊക്കെ ഭിന്നമുഖങ്ങൾ നിറഞ്ഞവയാണ്. ഒരു കഥാകൃത്തിന്റെ ഉത്തരവാദിത്വം കഥാതന്തുവിൽ. പാത്രനിർമിതിയിലെല്ലാം സാമൂഹികധൗത്യം നിർവഹിച്ചിട്ടുണ്ട്. കണ്ണുതുറന്ന് വായിക്കേണ്ട കഥകളിൽ രാഷ്ട്രീയ ആദർശവാദം കുത്തിനിറക്കാതെ ഭാഷാ സാഹിത്യത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് വഴി നടത്തുന്നവയാകട്ടെ. അക്ഷരത്തിന്റ ഊർജ്ജം ഉൾക്കൊണ്ട് വിശാലമായ കാഴ്ചപ്പാടിലൂടെ ജീർണ്ണമായ തടങ്കൽ പാളയത്തിൽ നിന്ന് ഉദിച്ചുയരുന്ന പ്രകാശമായിതീരാൻ ശ്രി.ജോൺസൻ ഇരിങ്ങോളിന് കഴിയട്ടെ. ആശംസകൾ നേരുന്നു.