രണ്ടെണ്ണം വിട്ടാലും കായികഭണ്ഡാരത്തിൽ കൈയിടില്ലെന്നു ശഠിക്കുന്ന, സ്‌പോർട്‌സ് ഇഷ്ടക്കാർക്കു വേണ്ടി കണ്ഠാഭരണങ്ങൾ ത്യജിക്കുന്ന ഒളിംപിക്‌സ് അസോസിയേഷൻ ഭാരവാഹികളായ അച്ചായൻമാരുടെ ചുണയുണ്ട്.
സ്ഥിരം മോഷ്ടാവെന്ന് ആരോപണമുള്ളപ്പോഴും, ലേഖകന്റെ ഒന്നും തൊടാതെ പോയ ആ ഫുട്‌ബോൾ താരത്തിന്റെ അദ്ഭുതപ്പെടുത്തലുണ്ട്.
അടുത്ത കായികമേളയിൽ കുടുതൽ മെഡൽ നേടാമെന്നുറപ്പിച്ച്, ഉത്തേജകപ്പരിശോധനയുടെ കുരുക്കു വീണ സാൽവയുടെ കണ്ണീരുണ്ട്.
അർഹതയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ടപ്പോഴും സ്‌നേഹപൂർവം കാപ്പികൊടുത്തയച്ച അപ്‌സരയെപ്പോലുള്ളവർ പകരുന്ന മധുരമുണ്ട്.
അതൊക്കെ ശരിതന്നെ.
പക്ഷേ,
ഇതിനൊരു കുറിപ്പെഴുതാൻ, കഥമാത്രം എഴുതി ശീലിച്ച ഒരാൾക്ക് എന്തു യോഗ്യത എന്ന് ഞാൻ ലേഖകനോടു ചോദിക്കാതിരുന്നില്ല.
വർഷങ്ങൾക്കു മുൻപ് മലയാളമനോരമയിൽ ഞാനൊരു ട്രെയിനി ജേണലിസ്റ്റായി ചേരുമ്പോൾ, അവിടത്തെ മുതിർന്ന സ്‌പോർട്‌സ് ലേഖകനാണ് സനിൽ പി.തോമസ് എന്ന ഏഴക്ഷരച്ചന്തമുള്ള പേരുകാരൻ.
മുതിർന്ന പത്രലേഖകന്റെ സ്‌പോർട്‌സ് യാത്രയ്ക്ക് ഒപ്പം മനസ്സുകൊണ്ടു സഞ്ചരിക്കാൻ എനിക്കു കഴിഞ്ഞേക്കുമെന്ന ഉറപ്പാകാം ജൂനിയറായ പഴയ സഹപ്രവർത്തകയെ ഈ ഉത്തരവാദിത്വം എല്പിക്കാനുള്ള കാരണം എന്നു ഞാൻ വിശ്വസിക്കുന്നു.
അതു പ്രകാരം ഇത്രയും കുറിക്കുന്നു.
സ്‌പോർട്‌സകാരനു വേണ്ടത് കായികക്ഷമതയാണ്. വായനക്കാർക്കു വേണ്ടത് വായനാക്ഷമതയും. ഇത് രണ്ടും ഒന്നിച്ചുണ്ടെന്നതാണ് ഈ സഞ്ചാരത്തിന്റെ രസം.
സ്വാതന്ത്ര്യമോഹിയായ പ്രിയ വായനക്കാരാ, വായനയുടെ അതിവേഗഓട്ടത്തിനു തയ്യാറായി വരൂ....അതിമനോഹരകാഴ്ചകൾ കണ്ടു മടങ്ങൂ.... ഭാവുകങ്ങൾ...
രേഖ കെ.