ശരിയെന്നുറപ്പുണ്ടെങ്കിൽ ഓരോ കാര്യത്തിനും സ്വന്തം തീരുമാനങ്ങളിലുറച്ചു നിൽക്കുന്നതാണ് ഏതൊരു വ്യക്തിയുടേയുംജീവിതവിജയത്തിന് അഭികാമ്യമെന്നു "അമൃതകല്ലോലിനി "യിലെ "ലഘുനോവൽ "നമ്മെ പഠിപ്പിക്കുന്നു. ഇതിലെ നായികാ കഥാപാത്രത്തിലൂടെ, ജീവിതത്തിന്റെ തുരുത്തുകളി ലൊറ്റപ്പെട്ടുപോയ ഒരു സ്ത്രീയുടെ ആത്മനൊമ്പരങ്ങളാണ് വരച്ചുകാട്ടിയിരിക്കുന്നത്. ഹൃദയ ഹാരിയായ ഈ നോവലിൽ, ജീവിതപുസ്തകത്തിൽ എഴുതിച്ചേർക്കുന്ന വേദനയുടെ നൊമ്പരം നിറഞ്ഞുനിൽക്കുന്നുണ്ട്.
"അമൃതകല്ലോലിനി "എന്ന പുസ്തകത്തിലെ കവിതകൾ ഹൃദ്യവും, അർത്ഥവത്തായതും, സമകാലിക പ്രസക്തിയുള്ളതുമാണ്. പ്രകൃതിയുടെ സൗന്ദര്യവും, ആകുലതകളും വ്യക്തമാക്കുന്ന കവിതകളുമുണ്ട്. ഭക്തിഗാനങ്ങൾ ഈശ്വര ചൈതന്യത്തെ ആവാഹിച്ചെടുത്ത വാക്കുകളാൽ വിരചിതമാണ്. ദേശഭക്തിഗാനങ്ങൾ നമ്മുടെ സംസ്കാരത്തേയും, ദേശീയതയേയും വാനോളം ഉയർത്തിപ്പിടിക്കുന്നവയാണ്. സംഘ ഗാനങ്ങൾ ഏതു വേദികളിലും മികവോടെ അവതരിപ്പിക്കാവുന്നവയും, വഞ്ചിപ്പാട്ടുകൾ, നമ്മുടെ സാംസ്കാരിക പൈതൃകത്തെ വിളംബരം ചെയ്യുന്നവയുമാണ്.