കുട്ടികളുടെ മനസ്സ് വായിക്കാനും അവരിൽ ആഹ്ലാദം നിറയ്ക്കുന്ന തരത്തിൽ കഥയുടെ അമൃത ബിന്ദുക്കൾ നിറയ്ക്കാനും കഴിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഥകൾക്കും പാട്ടുകൾക്കും പഞ്ഞമില്ലാത്ത ഇക്കാലത്ത് കുട്ടികൾക്കുള്ള സൽക്കഥാരചന അത്ര എളുപ്പവുമല്ല. അക്ബറും ബീർബലും ഇതിഹാസകഥകളും പഞ്ചതന്ത്രവുമൊക്കെ പലരും അവതരിപ്പിച്ചു കഴിഞ്ഞു. സമകാലിക കുട്ടിക്കഥകളാവട്ടെ പലതും ഇവയുടെ ചുവടുപിടിച്ചാണ് നടക്കുന്നത്. ഇതിനപ്പുറം കഥകളുടെ ഒരു ലോകമില്ലേ? തീർച്ചയായുമുണ്ട്.
ആ ലോകത്തെ ഉജ്ജ്വല കാഴ്ചകൾ കാണിക്കാൻ ഇറങ്ങി പുറപ്പെട്ട ഒരു രചയിതാവാണ് പി.സി റോക്കി എന്ന കൊച്ചു വലിയ എഴുത്തുകാരൻ. പതിനഞ്ച് കഥകളിലൂടെ ഒരു നൂതന ലോകം കുട്ടികളുടെ മുന്നിൽ തുറന്നു കാണിക്കുകയാണിവിടെ. വളരെ ലളിതവും ദൈർഘ്യം കുറഞ്ഞതുമായ ഈ കഥകളെല്ലാം റോക്കി മാഷിന്റെ ഗ്രാമീണ ജീവിതത്തിലെ ചില അനുഭവ- ദൃശ്യാനുഭവങ്ങളിൽ നിന്ന് ജന്മമെടുത്തതാണെന്നു തോന്നും.
നന്മയുടെയും സ്നേഹത്തിന്റെയും കുളിർമയും സുഗന്ധവും നഷ്ടമാകുന്ന ഇക്കാലത്ത് അവടെ കാത്തുസൂക്ഷിക്കാനും വരും തലമുറകളിലേക്ക് പകരാനും ഈ കഥകൾ ഉപകാരപ്പെടും. അതുകൊണ്ടു തന്നെ ഈ കഥകളെല്ലാം കുട്ടികളും ഒപ്പം മുതിർന്നവരും വായിച്ചിരിക്കേണ്ടതാണ്. സൽക്കഥകളുടെ ലോകത്ത് ഈ കൃതി വേറിട്ട ഒരുനുഭവം തന്നെയാണ്.