ശ്രീമതി പുഷ്പമ്മ ചാണ്ടിയുടെ "ഒസ്യത്തു" എന്ന മലയാളകവിതാസമാഹാരത്തിലൂടെ കടന്നുപോകുമ്പോൾ പെയ്തൊഴിയാത്ത ഒരു മഴയിലൂടെ വേണം നടക്കുവാൻ. ഒാരോ നോവും നാം ഹൃദയത്തിൽ ഏറ്റു വാങ്ങുന്നു;ഒാരോ തേങ്ങലും നമ്മുടെ കാതുകളിൽ പ്രതിധ്വനി ഉളവാക്കുന്നു. ഒാരോ കവിതയും ഒാരോ ഒാർമ്മചെപ്പാണ്; തുറന്നു വരുമ്പോൾ അവയിൽ നിരനിരയായുള്ള ഒാർമ്മകളുടെ ഗുൽമോഹർപൂക്കളാണ്. അരികിൽ ഉണ്ടായിരുന്ന ഒരുവന്റെ "നിന്നെയെനിക്കിഷ്ടം, നിന്നിലെ പെണ്ണിനെയല്ല, നിന്നിലെ നിന്നെ" എന്ന മധുരമൊഴി. നീറ്റുന്നതെങ്കിലും മണൽതിട്ട തിരമാലയ്ക്കു വേണ്ടി കാത്തിരുപ്പ് തുടരുന്നു.
വ്യത്യസ്തമായി നിൽക്കുന്ന "ഞാനൊരു രാജ്ഞിയായാൽ..., " "പെണ് മനസ്സിന്റെ കൊതി, കൊതിക്കെറുവുകൾ" ഹാസ്യരസത്തിൽ ചാലിച്ചതെങ്കിലും ചില യാഥാർഥ്യങ്ങളിലേക്ക് ജാലകം തുറന്നിടുന്നു. "രക്തം മണക്കുന്നു ചുറ്റിലും" എന്ന കവിതയിലാകട്ടെ പെണ്ണിന്റെ മാനവും ജീവനും കവരുന്ന പൊള്ളുന്ന യാഥാർഥ്യം!