കൃഷ്ണകുമാറിന്‍റെ ഓര്‍മ്മകളിലൂടെ വികസിക്കുന്ന നോവല്‍ ക്രാഫ്റ്റില്‍ തീവണ്ടിയാത്രയും ഋതുകൃഷ്ണയുടെ ഓര്‍മ്മകളും കഥാഗതിയില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നുണ്ട്. തുടര്‍ന്ന്
ഈ നോവല്‍ ഒരു ക്രൈംത്രില്ലറിന്‍റെ അനുഭവതലങ്ങളിലൂടെ വായനക്കാരനെ നയിക്കുമെന്നത് വാസ്തവമാണ്. തീവണ്ടിയാത്രയില്‍ നാം കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങളെ ഓര്‍മ്മകളില്‍ തെളിച്ച് കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നാം തയ്യാറാകും. ജീവിതത്തിന്‍റെ അരക്ഷിതാവസ്ഥയെ ഈയല്‍, വണ്ട് എന്നീ നാമകരണങ്ങളിലൂടെ നോവലിസ്റ്റ് കൃത്യമായി വരച്ചിടുന്നു. ഒറ്റപ്പെടലും അവഗണനയും ഒരു മനുഷ്യനില്‍ എന്ത് രാസമാറ്റം നടത്തുമെന്നതിന് അര്‍ജ്ജുന്‍ എന്ന കഥാപാത്രത്തെ നാം അറിയണം. ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ പൊളിച്ച് സ്വന്തം വഴി തേടിയ കൃഷ്ണകുമാറിനെ ജീവിതം വേറിട്ട വഴികളിലൂടെ കൈപിടിച്ച് നടത്തുന്നു. ആകസ്മികതകളിലുടെ അയാളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നു. നാടുവിട്ടാല്‍ തന്‍റെ മകന്‍ പ്രശസ്തനാക്കും എന്ന ജാതകഫലം തിരിച്ചറിയുമ്പോള്‍ തന്നെ തന്‍റെ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് മകനെ വിലക്കുന്ന അച്ഛന്‍ നമ്പൂതിരി സവര്‍ണ്ണാധമബോധത്തെ ആളിക്കത്തിക്കുന്ന കഥാപാത്രമാണ്.
സദാചാരബോധത്തെയും കുടുംബബന്ധങ്ങളെയും മൂല്യങ്ങളെയും ഇതിലെ കഥാപരിസരങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ട്.
ഓര്‍മ്മകളിലൂടെ യാത്രയിലൂടെ വികസിക്കുന്ന ഈ നോവലില്‍ നോവലിസ്റ്റിന്‍റെ ചിന്തകളും പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും പ്രതിഫലിക്കുന്നതു കാണാം. സാധാരണ വായനക്കാരെ ഈ നോവല്‍ തൃപ്തിപ്പെടുത്തുമെന്ന വിശ്വാസത്തോടെ മികച്ച വായനക്കാരിലേക്ക് 'തീപ്പാളങ്ങള്‍' എത്തട്ടെ എന്ന് ആശംസിക്കുന്നു.